Saturday, 15 October 2011

നാട്ടുമാവിന്റെ ചൂരും ചുനയും (ഷൌക്കത്തലിഖാന്‍ )


അന്യനായിത്തിരുന്ന തന്നെ തിരിച്ചറിയുന്നതനുള്ള നിലവിളിയാകുന്നു മനുഷ്യന് സാഹിത്യം. നിലവിളിച്ചിറങ്ങിപ്പോയ ചരിത്രത്തിനും വ്യവസ്ഥകള്‍ക്കുമിടയിലൂടെ സാഹിത്യപ്രസ്ഥാനങ്ങളും വ്യവസായിക വിപ്ളവാനന്തരം സംഭവിച്ച ഉയര്‍ച്ചകളെയും താഴ്ച്ചകളെയും ഭാവനയുടെ മഴവില്‍ക്കൊടി മുക്കി ഹൃദയ വ്യഥകളെ സര്‍ഗനോവുകള്‍ കൊണ്ട് പഴുപ്പിച്ച വാക്കിന്റെ സമാരകങ്ങളായി ഉയര്‍ന്നുനിന്നത് കുത്തബ് മിനാറുകളോ വേള്‍ഡ് ട്രേഡ് സെന്ററുകളോ ഈഫല്‍ ഗോപുരങ്ങളോ അല്ല. പാവങ്ങളും യുദ്ധവും സമാധനവും കുറ്റവും ശിക്ഷയും ഗീതാഞ്ജലിയുമൊക്കെ ഏത് മനുഷ്യ നിര്‍മ്മിത ഗോപുരങ്ങളെക്കാളും മനുഷ്യ മഹാ ഭാവനകള്‍ വാക്കുകള്‍ കൊണ്ട് കെട്ടിപ്പൊക്കിയ അചുംഭിതമായ വാക്കിന്റെ രമ്യഹര്‍മ്യങ്ങളാണ്. നെപ്പോളിയന്‍ വാളുകൊണ്ട് നേടിയത് ഞാന്‍ പേനകൊണ്ട് നേടിയിട്ടുണ്ടെന്ന് ബല്‍സാക്ക് പറയുന്നത് അതുകൊണ്ടാണ്. ഇന്ദ്രപ്രസ്ഥത്തില്‍ പരശ്ശതം ഭരണാധികാരികള്‍ വന്നുപോയാലും ഗീതാഞ്ജലിയുടെ ഹൃദയ താരള്യ ലാവണ്യാത്മകത്വം തന്നെയാണ് ഹിമല്‍സാനുക്കളെ ഉത്കന്ധരശിരസ്സോടെ തപഃധ്യാനം ചെയ്യാന്‍ പ്രരിപ്പിക്കുന്നത്. യുദ്ധവും ഭീതിയും സ്വാതന്ത്യതൃഷ്ണവും ഏകാകിതയും പ്രണയവും നൈരാശ്യവും അന്യതാബേധവുമൊക്കെ മനുഷ്യന്‍ താണ്ടിയത് സാഹിത്യ പ്രസ്ഥാനങ്ങളുടെ ചുരമിറങ്ങിയും കയറിയുമൊക്കെത്തന്നെയാണ്. രോഗങ്ങള്‍ വരെ സാഹിത്യപ്രസ്ഥാനത്തിന് കാരണമായിട്ടുണ്ട്. സിഫിലിസും ഗൊണോറിയയും ക്ഷയവുമൊക്കെ ആധുനികതയുടെ രോഗങ്ങളായപ്പോള്‍ ക്യാന്‍സറും എയ്ഡ്സും ഉത്തരാധുനികതയുടെ രോഗമായി മാറിയത് അങ്ങനെയാണ്.

വ്യക്തിയും സമൂഹവും തമ്മിലുള്ള ഇടപെടലിന്റെ  അനുഭവച്ചരടില്‍ സംഭവിക്കുന്ന സംഘര്‍ഷ
ങ്ങളുടെയും പ്രഹര്‍ഷങ്ങളുടെയും സമ്മിശ്രമായ അനുഭൂതികളുടെ സൌന്ദര്യാത്മക ദര്‍ശനമാണ് കവിതകളെയും കവികളെയും സൃഷ്ടിക്കുന്നത്. കവിതയുടെ നിര്‍മ്മാണം മൂന്ന് തരം യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നു. 1. സമൂഹം 2. വ്യക്തിബോധം 3. വ്യക്ത്യബോധം. ഇവയില്‍ സൂമൂഹം പുറത്തുനിന്നുള്ളതാണ് ബാക്കി രണ്ടെണ്ണം കവിയെ ഉള്‍ക്കൊള്ളുന്നതാണ്. ഈ മൂന്നെണ്ണത്തിനോടുമുള്ള ഒരിമിച്ചോ നേരിട്ടോ ഉള്ള കാല്പനിക പൊരുത്തപ്പെടലാണ് കാല്പനിക ഭദ്രതയായി കവിതയില്‍ നിലനില്‍ക്കുന്നത്.

സാമാന്യത്തില്‍ നിന്നും വിശേഷത്തിലേക്ക് ഉയരുന്ന വ്യവഹാരമാണ് കാവ്യഭാഷ. സാമാന്യഭാഷ കവിതയാവില്ല. സാമാന്യഭാഷാപ്രയോഗങ്ങള്‍ വസ്തുസ്ഥിതി കഥനമാണ്. വിവര വിനിമയോപാധിയായാണ്. എന്നാല്‍ അതിന്റെ വിശേഷ പ്രയോഗത്തില്‍ നിന്ന് കവിത ജനിക്കുന്നു. കാലാകാലങ്ങളില്‍ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് കാവ്യഭാഷയിലും ഘടനയിലും രൂപനിര്‍മ്മിതിയിലും സംഭവിക്കുന്ന മാറ്റങ്ങള്‍. ഭാഷാ പ്രയോഗത്തിലെ സൂക്ഷ്മതയും കൃത്യതയും ഏറ്റവും കൂടുതല്‍ അനുഭവ വേദ്യമായിത്തീരുന്നത് കവിതയിലാണ്. കഥയും നോലാവലുമൊക്കെ സ്ഥൂലരചനകളായിരിക്കെ കവിത സൂക്ഷ്മ രചനയാണ്. കവിതയിലെ സൂക്ഷമതയും കാച്ചിക്കുറുക്കലും കവിതയെ കാവ്യബിംബ വിന്യാസ ക്രമമാക്കിത്തീര്‍ക്കുന്നു. 

കാവ്യ വായനയുടെ ഒരു ക്ഷേത്രഗണിതപ്പരിസരം  രൂപപ്പെട്ടുവരുന്നതിന് ആവശ്യമായ ഒരു ലക്ഷണ ശാസ്ത്രത്തിന്റെ അഭാവയായിരുന്നു ഉത്തരാധുനിക മലയാളകവിതയുടെ വായനയെ മന്ദഗതിയിലാക്കിയത്. കവിതയ്ക്ക് വായനക്കാര്‍ കുറഞ്ഞുപോയതും കവികളുടെ വംശാവലി പെറ്റുപെരുകിയതും അതുകൊണ്ടാണ്. ഉത്തരാധുനികതയുടെ വിധി ലംഗിക്കാന്‍ വേണ്ടിയുള്ല നിയനിര്‍മ്മാണമായിരുന്നു എന്നും പി.കെ രാജശേഖരന്‍ ഏകാന്ത നഗരങ്ങള്‍  എന്ന സാഹിത്യ വിമര്‍ശന ഗ്രന്ഥത്തില്‍ പറയുന്നു. ലംഘിക്കാന്‍ വേണ്ടി അന്വേഷണവും പരീക്ഷണവും നടത്തുന്ന കവികളുടെ ന്യൂനപക്ഷമാണ് ഉത്തരാധുനിക കാവ്യ സംസ്കാരം രൂപപപ്പെടുത്തുന്നത്. ലോകത്തെക്കൂറിച്ചും പാരമ്പര്യത്തെക്കുറിച്ചും കളിയാക്കിക്കൊണ്ടും ഭാഷയുടെ പതിവ് ശീലങ്ങളില്‍ ഹാസ്യ വഴക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും അവര്‍ പുതിയ കാഴ്ച്ചകളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.
ഗാങ്ങുകളുടെ ഗര്‍ജ്ജനങ്ങള്‍ക്കും ഫാന്‍സുകളുടെ അട്ടഹാസങ്ങളിലും മുങ്ങിനിവര്‍ന്ന് അരാഷ്ട്രീയ വത്കരിക്കപ്പെടുന്ന മലയാളിയുടെ ഉത്തരാധുനിക യൌവ്വനം പുനരുത്ഥാന വാദങ്ങളുടെ പുറന്തോലണിഞ്ഞ് ആനന്ദോത്സവത്തിലാണ്.അതിരാത്രങ്ങളില്‍ അത് സവര്‍ണ്ണ യുക്തിയുടെ മെതിയടി ധരിച്ച് ബ്രാഹ്മണ്യത്തിന്റെ തിരിച്ചുവരവിന് പാരിസ്ഥിതിക ദുരന്തത്തിനും കൃഷി നാശത്തിനും കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കുമുള്ള പരിഹാര നിര്‍ദേശങ്ങള്‍ തേടുന്നു. കനത്ത ഇരുട്ടിലേക്കാണ് നമ്മുടെ ജീവിതം നീങ്ങിക്കൊണ്ടിരിക്കുന്നത്

പകലിന്റെ ദൈര്‍ഘ്യം ഇങ്ങനെ കുറഞ്ഞുപോയത് പൊതുസ്ഥലങ്ങള്‍ നഷ്ടപ്പെട്ടതു കൊണ്ടുകൂടിയാണ്. ജീവിതത്തിന്റെ കേന്ദ്രങ്ങില്‍ നിന്ന് തെറിച്ചു പോയവരുടെയും നടച്ചാലുകള്‍ നഷ്ടപ്പെട്ടവരുടെയും വേദനയും വേപഥുവും പ്രണയവും പ്രണയനഷ്ടവും അവനും അവളും അവര്‍ക്കിയില അവര്‍ പണിഞ്ഞ അവരുടെ ലോകവുമാണ്. നാട്ടുമണങ്ങളുടെ ചുനയില്‍ നിന്നും നാട്ടുവഴികളിലെ നാടന്‍ പേരുകളില്‍ നിന്നുമൊക്കെയായി ഷാജി അമ്പലത്ത് എന്ന യുവ കവി ചേര്‍ത്തു പിടിച്ച അകലങ്ങള്‍ എന്ന ആദ്യ സമാഹാരത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്. 

നാല്‍പ്പത്തഞ്ചില്‍പ്പരം കുറുംകവിതകള്‍ ചേര്‍ത്തുപിടിച്ച അകലങ്ങള്‍. സ്ത്രീ പുരുഷ ബന്ധങ്ങളിലെ പ്രണയം എന്ന ഭാവത്തിന്റെ പ്രകീര്‍ണ്ണനത്തില്‍ നിന്നും തെറിച്ചുപോകുന്ന മഴവില്ലിനെ കവിതയിലെ മായാമയൂരം കാണിച്ച് സര്‍ഗാത്മകതയിലൂടെ കാവ്യ വീഥിയിലേക്ക് ഒഴുക്കി വിടുകയാണ്. അവനാണ് അതിലെ നായകന്‍. അവളുടെ കൈപിടിച്ച് മാത്രമേ അവന് മുന്നും പിമ്പുമുള്ളൂ.ഞാന്‍ ചുംബിക്കാന്‍ ആയുമ്പോള്‍ നീ തട്ടിമാറ്റൂം പോലെ നാം അകറ്റി നട്ട മരങ്ങള്‍ എന്ന് ഷാജി അമ്പലത്ത് അകറ്റി നട്ട മരങ്ങള്‍ എന്ന കവിതയീലൂടെ കുമ്പസാരിക്കുന്നു. അടര്‍ത്തിമാറിയിട്ടും മുള്‍ വേലിയില്‍ പിടിച്ചു കയറിയ ശതാവരിപ്പടര്‍പ്പുകളും, ഇലകളുടെ പച്ചഞരമ്പിന്റെ ഒടുവിലത്തെ പിടച്ചിലും, ഞാവല്‍ചില്ലകളുടെ തുണി അഴിച്ച് എറിച്ചിലും അലങ്ങളിലേക്ക് പരിച്ച് നട്ടിട്ടും തൊടിയില്‍ നിന്ന് വിടുതല്‍ നേടാനാവാത്ത മനുഷ്യ കാനകളുടെ ചെത്തവും ചൂരുമാണ്. അണുകുടുംബങ്ങളിലേക്ക് ചിതറിത്തെറിച്ച യാഥാര്‍ത്ഥ്യത്തിന്റെ വേനലിലും അവന്‍ അവളെ ചേര്‍ത്തുപിടിച്ച് തിരയുന്നത്.

ജീവിതത്തില്‍ നിന്ന് തെറിച്ചു വീണ് ഇടം നഷ്ടപ്പെട്ടവരുടെ രാത്രികള്‍ പോലും കടം വാങ്ങി ഒരു സ്വപ്നം കാണേണ്ടിവരുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ജീവിതത്തില്‍ നിന്നും ചില രാത്രികള്‍ എന്ന കവിത. ഏത് ഉറക്കവും അനുഗ്രഹമാണ് സ്വന്തമായി ഒരു സ്വപ്നമുള്ളപ്പോള്‍ എന്ന് സച്ചിദാനന്ദന്‍ നില്‍ക്കുക അല്പം കൂടി രാത്രി/തീര്‍ന്നിട്ടില്ലെന്റെ സ്വപ്നം പിന്നെയും സച്ചിദാനന്ദന്‍ എന്നാല്‍ സ്വപ്നം കാണാന്‍ രാത്രികള്‍ ഇരന്നു വാങ്ങേണ്ടവന്റെ ഗതികേടാണ് ജീവിതത്തില്‍ നിന്നും ചില രാത്രികള്‍ എന്ന കവിതയിലുള്ളത്.കടം വാങ്ങിയ/കരിയോല കൊണ്ടാണ്/കൂര കെട്ടിയത്. കെട്ടിയോന്‍ ചത്തവള്‍/കുട്ട്യോളുമായി/ജീവിക്കാന്‍/ഇനി കട്ടെടുക്കേണ്ടിവരുമോ/സരസുവിന്റെയും,/സുലൈഖയുടെയും,/നാരായണേട്ടന്റെ/ഭാര്യയുടെയും/ ജീവിതത്തില്‍ നിന്ന്/ ചില രാത്രികള്‍.

ഗ്രാമീണ ജീവിതത്തില്‍ നിന്ന് നന്മ നിറഞ്ഞ ഭൂതകാലം ഇറങ്ങിപ്പോയതിന്റെ ഗ്രഹാതുര ചിത്രമാണ് ചായക്കടയിലെ രാജ്യസഭ എന്ന കവിത. മിച്ചഭൂമി പാട്ടത്തിന് കിട്ടാനും മീന പിടിക്കാനുള്ള ലൈസന്‍സിനും സേമുട്ട്യാക്ക കയ്യൊപ്പിട്ട് വാങ്ങിയിരുന്ന ദരിദ്ര ഭൂതകാലത്തിന്റെ സെമോവറിലെ തിളപ്പാണ് ഈ കവിതയിലെ കാല്പ്പനിക ചാരുത. ഫാസ്റ്റു ഫുഡ്ഡിലെ എരിപിരി കൊള്ളുന്ന ഇന്നത്തെ നാട്ടുവഴികളിലെ അറേബ്യന്‍ ഹട്ടുകള്‍ക്ക് അവയുടെ തന്തൂരിപ്പെരുമകള്‍ക്ക് മുറുക്കിത്തുപ്പിയ ആ കാലത്തില്‍ നിന്ന് വല്ലതും പഠിക്കാനുണ്ടോ? നാട്ടുമാവിന്റെ ചൂരും ചുനയും ഈ കവിതയില്‍ ഏറെയുണ്ട്. മാട്ടുമ്മലെ വേലക്ക്, മൌലാന്റെ നേര്‍ച്ചയ്ക്ക് ബീരാന്റെ  ബീടരെ ഓപ്പറേഷന് കൌജത്തുവിന്റെ കല്ല്യാണത്തിന് അദ്രുമാന് വലയും വള്ളവും വാങ്ങാന്‍ ചങ്ങാതിക്കുറിയുടെ നന്മ നിറഞ്ഞ ഭൂതകാലം ഈ കവിതയിലെ സമോവറില്‍ കിടന്ന് തിളക്കുന്നു.

ദേശത്തെ എഴുതുന്ന എഴുത്തിന്റെ പ്രതിരോധ ഭാവങ്ങളില്‍ കാലമര്‍ത്തി ചവിട്ടിക്കൊണ്ടു തന്നെയാണ് ഷാജിയും കവിതയില്‍ തന്റെ ഇടം അന്വേഷിക്കുന്നത്. നമ്മുടെ പ്രാദേശിക ഭാവങ്ങളിലെ തനത് രുചികളിലും സംസ്കാരത്തിലും അജീനാമോട്ടോകള്‍ ഒളിച്ചുകടത്തി നമ്മുടെ തനത് രുചികളെ അട്ടിമറിച്ചപ്പോള്‍ തന്റെ കരതലാമലകത്തില്‍ ഷാജി എന്ന ഈ യുവ കവി സാന്ത്വനം കണ്ടെത്തുന്നു. ഒരു നെല്ലിക്കയില്‍ നീയും ഞാനുമുണ്ട്. വായിലൂറുന്ന രസപ്പകര്‍ച്ചയില്‍ നീ എനിക്കേതായിരിക്കും? ഞാന്‍ നിനക്കേതായിരിക്കും എന്നാണ് അന്യോന്യം ഊന്നുവടികളായി പ്രണയിനിയുടെ തോളില്‍ കയ്യിട്ട് ഈ കവിയും ചോദിക്കുന്നത് ഇതു തന്നെയാണ് ഈ കവിയുടെ ജീവിത വീക്ഷണവും. സാമൂഹി ബന്ധങ്ങളില്‍ വന്ന മാറ്റങ്ങള്‍ സ്വാര്‍തത്ഥയുടെ ജയിലറകളാക്കി നമ്മുടെ വീടുകളെയും ഇടങ്ങളെയും ഇടവഴികളെയും നാട്ടുമണങ്ങളെയും ഗ്രാമീണ മനുഷ്യരുടെ വീതിയും ഉയരവും കുറഞ്ഞ നാട്ട് എകരങ്ങളെ ഗ്രാമീണ ചിത്രങ്ങളായി ഏതോ ഒരു അവളെ ഉള്ളില്‍ ഉള്ളാലെ പ്രണയിച്ച് പുതുകവിതയുടെ ബഹുസ്വരതയാര്‍ന്ന സഞ്ചാരവീഥികള്‍ അലമാലകളുടെ അലര്‍ച്ചയും ബിംബ സമൃദ്ധികളുടെ ധൂര്‍ത്തുമില്ലാതെ മെലിഞ്ഞ വാക്കുകള്‍ കൊണ്ടും ലളിതമായ ആഖ്യാനം കൊണ്ടും നമ്മുടെ വറ്റിപ്പോയ നദികളുടെ ഉറവകള്‍ അന്വേഷിക്കുകയാണ് ഈ കവിയും. ചേര്‍ത്തു പിടിച്ച അകലങ്ങളുമായി അയാള്‍ കിനാവു കാണുകയാണ്.....
 

No comments:

Post a Comment