Monday, 6 August 2012

കുഴൂര്‍ വില്‍സന്‍

ഇരിക്ക പൊറുതിയില്ലാത്ത കാറ്റിന്‍റെ ജന്മം കൂടിയാണ് ഇവനും ഇവന്‍റെ കവിതകളും .ഇടങ്ങളില്‍ ഇയാള്‍ക്ക് ആരോ കവിതയുടെ കൂടോത്രം കൊടുത്തിട്ടുണ്ട് ഒരിക്കല്‍ അബുദാബിയിലായിരുന്നു.ഇപ്പോള്‍ തൃശൂരിലാണ്.എഴുത്തുകള്‍ നോക്കു കന്യാകുമാരിയെ കാസര്ഗോട്ടെക്കും കൊച്ചിയെ കോഴിക്കോട്ടേക്കും ചേലക്കരയിലേക്കും മാറ്റും
ചില കയ്യേറ്റങ്ങള്‍
നീ ഒളിച്ചു പാര്‍ത്ത ഇടങ്ങള്‍
അവിടെയുമുണ്ടാകില്ലേ ഇത് പോലൊരു ദേശം
മനുഷ്യന്‍ അകറ്റിയ ഹൃദയത്തിന്റെ ദിക്കുകളെ ഈ കവി കവിതയുടെ ഭൂപടത്തില്‍ ചേര്‍ത്തു വെക്കുന്നു .ചേര്‍ത്തു പിടിച്ച അകലങ്ങള്‍ അത്തരം ഒരു ഭൂപടം കൂടിയാണ് .വെറും മണ്ണില്‍ ചെരിപ്പിടാതെ നടക്കും പോലെ അതിലൂടെ നടക്കാം .വിഷം കലര്‍ന്നിട്ടില്ല .പൂമ്പൊടി കൊണ്ടാല്‍ അത്ഭുതപ്പെടുകയും വേണ്ട.

അക്കിത്തം പതിപ്പ്


Tuesday, 18 October 2011

!


ഒരേ പുഴയില്‍ 
ഒന്നിലേറെ തവണ മുങ്ങാനാവില്ല 
എങ്കില്‍ 
ഞാന്‍ മുങ്ങിയ പുഴ 
എവിടെ മുങ്ങിപ്പോയിട്ടുണ്ടാവും 

പോകും വഴി 
അഴിച്ചെടുത്ത ഉമ്മകളൊക്കെ 
മേല്‍ വിലാസമറിയാത്ത
ഏതൊക്കെ ഹൃദയങ്ങളിലേക്കാവും 
കാറ്റ് 
എറിഞ്ഞു കൊടുത്തിട്ടുണ്ടാവുക 
 
ഇത്തിരി വെള്ളം പോലും 
കുഴിച്ചെടുക്കാറില്ല
ഇത്തിരി വെള്ളവും 
അടച്ചു വെക്കാറില്ല 

കുളിക്കണ്ടേ ,
കുടിക്കണ്ടേ ,
മണ്ണിനടിയിലെ 
മരിച്ചു പോയവള്‍ക്ക് 
ഒരു 
മഴയെങ്കിലും നനയണ്ടേ 

അലങ്കാരങ്ങളെല്ലാം
കവിതയില്‍ നിന്നിറങ്ങി നടക്കുന്ന 
ഒരു 
വൈകുന്നേരമേ 
നമുക്കിങ്ങനെയൊക്കെ 
ചിന്തിക്കാനാവൂ 

കൈവീശി 
തലകീഴായി 
ആകാശത്തിലൂടെ 
നടക്കുവാനും .

Saturday, 15 October 2011

നാട്ടുമാവിന്റെ ചൂരും ചുനയും (ഷൌക്കത്തലിഖാന്‍ )


അന്യനായിത്തിരുന്ന തന്നെ തിരിച്ചറിയുന്നതനുള്ള നിലവിളിയാകുന്നു മനുഷ്യന് സാഹിത്യം. നിലവിളിച്ചിറങ്ങിപ്പോയ ചരിത്രത്തിനും വ്യവസ്ഥകള്‍ക്കുമിടയിലൂടെ സാഹിത്യപ്രസ്ഥാനങ്ങളും വ്യവസായിക വിപ്ളവാനന്തരം സംഭവിച്ച ഉയര്‍ച്ചകളെയും താഴ്ച്ചകളെയും ഭാവനയുടെ മഴവില്‍ക്കൊടി മുക്കി ഹൃദയ വ്യഥകളെ സര്‍ഗനോവുകള്‍ കൊണ്ട് പഴുപ്പിച്ച വാക്കിന്റെ സമാരകങ്ങളായി ഉയര്‍ന്നുനിന്നത് കുത്തബ് മിനാറുകളോ വേള്‍ഡ് ട്രേഡ് സെന്ററുകളോ ഈഫല്‍ ഗോപുരങ്ങളോ അല്ല. പാവങ്ങളും യുദ്ധവും സമാധനവും കുറ്റവും ശിക്ഷയും ഗീതാഞ്ജലിയുമൊക്കെ ഏത് മനുഷ്യ നിര്‍മ്മിത ഗോപുരങ്ങളെക്കാളും മനുഷ്യ മഹാ ഭാവനകള്‍ വാക്കുകള്‍ കൊണ്ട് കെട്ടിപ്പൊക്കിയ അചുംഭിതമായ വാക്കിന്റെ രമ്യഹര്‍മ്യങ്ങളാണ്. നെപ്പോളിയന്‍ വാളുകൊണ്ട് നേടിയത് ഞാന്‍ പേനകൊണ്ട് നേടിയിട്ടുണ്ടെന്ന് ബല്‍സാക്ക് പറയുന്നത് അതുകൊണ്ടാണ്. ഇന്ദ്രപ്രസ്ഥത്തില്‍ പരശ്ശതം ഭരണാധികാരികള്‍ വന്നുപോയാലും ഗീതാഞ്ജലിയുടെ ഹൃദയ താരള്യ ലാവണ്യാത്മകത്വം തന്നെയാണ് ഹിമല്‍സാനുക്കളെ ഉത്കന്ധരശിരസ്സോടെ തപഃധ്യാനം ചെയ്യാന്‍ പ്രരിപ്പിക്കുന്നത്. യുദ്ധവും ഭീതിയും സ്വാതന്ത്യതൃഷ്ണവും ഏകാകിതയും പ്രണയവും നൈരാശ്യവും അന്യതാബേധവുമൊക്കെ മനുഷ്യന്‍ താണ്ടിയത് സാഹിത്യ പ്രസ്ഥാനങ്ങളുടെ ചുരമിറങ്ങിയും കയറിയുമൊക്കെത്തന്നെയാണ്. രോഗങ്ങള്‍ വരെ സാഹിത്യപ്രസ്ഥാനത്തിന് കാരണമായിട്ടുണ്ട്. സിഫിലിസും ഗൊണോറിയയും ക്ഷയവുമൊക്കെ ആധുനികതയുടെ രോഗങ്ങളായപ്പോള്‍ ക്യാന്‍സറും എയ്ഡ്സും ഉത്തരാധുനികതയുടെ രോഗമായി മാറിയത് അങ്ങനെയാണ്.

വ്യക്തിയും സമൂഹവും തമ്മിലുള്ള ഇടപെടലിന്റെ  അനുഭവച്ചരടില്‍ സംഭവിക്കുന്ന സംഘര്‍ഷ
ങ്ങളുടെയും പ്രഹര്‍ഷങ്ങളുടെയും സമ്മിശ്രമായ അനുഭൂതികളുടെ സൌന്ദര്യാത്മക ദര്‍ശനമാണ് കവിതകളെയും കവികളെയും സൃഷ്ടിക്കുന്നത്. കവിതയുടെ നിര്‍മ്മാണം മൂന്ന് തരം യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നു. 1. സമൂഹം 2. വ്യക്തിബോധം 3. വ്യക്ത്യബോധം. ഇവയില്‍ സൂമൂഹം പുറത്തുനിന്നുള്ളതാണ് ബാക്കി രണ്ടെണ്ണം കവിയെ ഉള്‍ക്കൊള്ളുന്നതാണ്. ഈ മൂന്നെണ്ണത്തിനോടുമുള്ള ഒരിമിച്ചോ നേരിട്ടോ ഉള്ള കാല്പനിക പൊരുത്തപ്പെടലാണ് കാല്പനിക ഭദ്രതയായി കവിതയില്‍ നിലനില്‍ക്കുന്നത്.

സാമാന്യത്തില്‍ നിന്നും വിശേഷത്തിലേക്ക് ഉയരുന്ന വ്യവഹാരമാണ് കാവ്യഭാഷ. സാമാന്യഭാഷ കവിതയാവില്ല. സാമാന്യഭാഷാപ്രയോഗങ്ങള്‍ വസ്തുസ്ഥിതി കഥനമാണ്. വിവര വിനിമയോപാധിയായാണ്. എന്നാല്‍ അതിന്റെ വിശേഷ പ്രയോഗത്തില്‍ നിന്ന് കവിത ജനിക്കുന്നു. കാലാകാലങ്ങളില്‍ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് കാവ്യഭാഷയിലും ഘടനയിലും രൂപനിര്‍മ്മിതിയിലും സംഭവിക്കുന്ന മാറ്റങ്ങള്‍. ഭാഷാ പ്രയോഗത്തിലെ സൂക്ഷ്മതയും കൃത്യതയും ഏറ്റവും കൂടുതല്‍ അനുഭവ വേദ്യമായിത്തീരുന്നത് കവിതയിലാണ്. കഥയും നോലാവലുമൊക്കെ സ്ഥൂലരചനകളായിരിക്കെ കവിത സൂക്ഷ്മ രചനയാണ്. കവിതയിലെ സൂക്ഷമതയും കാച്ചിക്കുറുക്കലും കവിതയെ കാവ്യബിംബ വിന്യാസ ക്രമമാക്കിത്തീര്‍ക്കുന്നു. 

കാവ്യ വായനയുടെ ഒരു ക്ഷേത്രഗണിതപ്പരിസരം  രൂപപ്പെട്ടുവരുന്നതിന് ആവശ്യമായ ഒരു ലക്ഷണ ശാസ്ത്രത്തിന്റെ അഭാവയായിരുന്നു ഉത്തരാധുനിക മലയാളകവിതയുടെ വായനയെ മന്ദഗതിയിലാക്കിയത്. കവിതയ്ക്ക് വായനക്കാര്‍ കുറഞ്ഞുപോയതും കവികളുടെ വംശാവലി പെറ്റുപെരുകിയതും അതുകൊണ്ടാണ്. ഉത്തരാധുനികതയുടെ വിധി ലംഗിക്കാന്‍ വേണ്ടിയുള്ല നിയനിര്‍മ്മാണമായിരുന്നു എന്നും പി.കെ രാജശേഖരന്‍ ഏകാന്ത നഗരങ്ങള്‍  എന്ന സാഹിത്യ വിമര്‍ശന ഗ്രന്ഥത്തില്‍ പറയുന്നു. ലംഘിക്കാന്‍ വേണ്ടി അന്വേഷണവും പരീക്ഷണവും നടത്തുന്ന കവികളുടെ ന്യൂനപക്ഷമാണ് ഉത്തരാധുനിക കാവ്യ സംസ്കാരം രൂപപപ്പെടുത്തുന്നത്. ലോകത്തെക്കൂറിച്ചും പാരമ്പര്യത്തെക്കുറിച്ചും കളിയാക്കിക്കൊണ്ടും ഭാഷയുടെ പതിവ് ശീലങ്ങളില്‍ ഹാസ്യ വഴക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും അവര്‍ പുതിയ കാഴ്ച്ചകളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.
ഗാങ്ങുകളുടെ ഗര്‍ജ്ജനങ്ങള്‍ക്കും ഫാന്‍സുകളുടെ അട്ടഹാസങ്ങളിലും മുങ്ങിനിവര്‍ന്ന് അരാഷ്ട്രീയ വത്കരിക്കപ്പെടുന്ന മലയാളിയുടെ ഉത്തരാധുനിക യൌവ്വനം പുനരുത്ഥാന വാദങ്ങളുടെ പുറന്തോലണിഞ്ഞ് ആനന്ദോത്സവത്തിലാണ്.അതിരാത്രങ്ങളില്‍ അത് സവര്‍ണ്ണ യുക്തിയുടെ മെതിയടി ധരിച്ച് ബ്രാഹ്മണ്യത്തിന്റെ തിരിച്ചുവരവിന് പാരിസ്ഥിതിക ദുരന്തത്തിനും കൃഷി നാശത്തിനും കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കുമുള്ള പരിഹാര നിര്‍ദേശങ്ങള്‍ തേടുന്നു. കനത്ത ഇരുട്ടിലേക്കാണ് നമ്മുടെ ജീവിതം നീങ്ങിക്കൊണ്ടിരിക്കുന്നത്

പകലിന്റെ ദൈര്‍ഘ്യം ഇങ്ങനെ കുറഞ്ഞുപോയത് പൊതുസ്ഥലങ്ങള്‍ നഷ്ടപ്പെട്ടതു കൊണ്ടുകൂടിയാണ്. ജീവിതത്തിന്റെ കേന്ദ്രങ്ങില്‍ നിന്ന് തെറിച്ചു പോയവരുടെയും നടച്ചാലുകള്‍ നഷ്ടപ്പെട്ടവരുടെയും വേദനയും വേപഥുവും പ്രണയവും പ്രണയനഷ്ടവും അവനും അവളും അവര്‍ക്കിയില അവര്‍ പണിഞ്ഞ അവരുടെ ലോകവുമാണ്. നാട്ടുമണങ്ങളുടെ ചുനയില്‍ നിന്നും നാട്ടുവഴികളിലെ നാടന്‍ പേരുകളില്‍ നിന്നുമൊക്കെയായി ഷാജി അമ്പലത്ത് എന്ന യുവ കവി ചേര്‍ത്തു പിടിച്ച അകലങ്ങള്‍ എന്ന ആദ്യ സമാഹാരത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്. 

നാല്‍പ്പത്തഞ്ചില്‍പ്പരം കുറുംകവിതകള്‍ ചേര്‍ത്തുപിടിച്ച അകലങ്ങള്‍. സ്ത്രീ പുരുഷ ബന്ധങ്ങളിലെ പ്രണയം എന്ന ഭാവത്തിന്റെ പ്രകീര്‍ണ്ണനത്തില്‍ നിന്നും തെറിച്ചുപോകുന്ന മഴവില്ലിനെ കവിതയിലെ മായാമയൂരം കാണിച്ച് സര്‍ഗാത്മകതയിലൂടെ കാവ്യ വീഥിയിലേക്ക് ഒഴുക്കി വിടുകയാണ്. അവനാണ് അതിലെ നായകന്‍. അവളുടെ കൈപിടിച്ച് മാത്രമേ അവന് മുന്നും പിമ്പുമുള്ളൂ.ഞാന്‍ ചുംബിക്കാന്‍ ആയുമ്പോള്‍ നീ തട്ടിമാറ്റൂം പോലെ നാം അകറ്റി നട്ട മരങ്ങള്‍ എന്ന് ഷാജി അമ്പലത്ത് അകറ്റി നട്ട മരങ്ങള്‍ എന്ന കവിതയീലൂടെ കുമ്പസാരിക്കുന്നു. അടര്‍ത്തിമാറിയിട്ടും മുള്‍ വേലിയില്‍ പിടിച്ചു കയറിയ ശതാവരിപ്പടര്‍പ്പുകളും, ഇലകളുടെ പച്ചഞരമ്പിന്റെ ഒടുവിലത്തെ പിടച്ചിലും, ഞാവല്‍ചില്ലകളുടെ തുണി അഴിച്ച് എറിച്ചിലും അലങ്ങളിലേക്ക് പരിച്ച് നട്ടിട്ടും തൊടിയില്‍ നിന്ന് വിടുതല്‍ നേടാനാവാത്ത മനുഷ്യ കാനകളുടെ ചെത്തവും ചൂരുമാണ്. അണുകുടുംബങ്ങളിലേക്ക് ചിതറിത്തെറിച്ച യാഥാര്‍ത്ഥ്യത്തിന്റെ വേനലിലും അവന്‍ അവളെ ചേര്‍ത്തുപിടിച്ച് തിരയുന്നത്.

ജീവിതത്തില്‍ നിന്ന് തെറിച്ചു വീണ് ഇടം നഷ്ടപ്പെട്ടവരുടെ രാത്രികള്‍ പോലും കടം വാങ്ങി ഒരു സ്വപ്നം കാണേണ്ടിവരുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ജീവിതത്തില്‍ നിന്നും ചില രാത്രികള്‍ എന്ന കവിത. ഏത് ഉറക്കവും അനുഗ്രഹമാണ് സ്വന്തമായി ഒരു സ്വപ്നമുള്ളപ്പോള്‍ എന്ന് സച്ചിദാനന്ദന്‍ നില്‍ക്കുക അല്പം കൂടി രാത്രി/തീര്‍ന്നിട്ടില്ലെന്റെ സ്വപ്നം പിന്നെയും സച്ചിദാനന്ദന്‍ എന്നാല്‍ സ്വപ്നം കാണാന്‍ രാത്രികള്‍ ഇരന്നു വാങ്ങേണ്ടവന്റെ ഗതികേടാണ് ജീവിതത്തില്‍ നിന്നും ചില രാത്രികള്‍ എന്ന കവിതയിലുള്ളത്.കടം വാങ്ങിയ/കരിയോല കൊണ്ടാണ്/കൂര കെട്ടിയത്. കെട്ടിയോന്‍ ചത്തവള്‍/കുട്ട്യോളുമായി/ജീവിക്കാന്‍/ഇനി കട്ടെടുക്കേണ്ടിവരുമോ/സരസുവിന്റെയും,/സുലൈഖയുടെയും,/നാരായണേട്ടന്റെ/ഭാര്യയുടെയും/ ജീവിതത്തില്‍ നിന്ന്/ ചില രാത്രികള്‍.

ഗ്രാമീണ ജീവിതത്തില്‍ നിന്ന് നന്മ നിറഞ്ഞ ഭൂതകാലം ഇറങ്ങിപ്പോയതിന്റെ ഗ്രഹാതുര ചിത്രമാണ് ചായക്കടയിലെ രാജ്യസഭ എന്ന കവിത. മിച്ചഭൂമി പാട്ടത്തിന് കിട്ടാനും മീന പിടിക്കാനുള്ള ലൈസന്‍സിനും സേമുട്ട്യാക്ക കയ്യൊപ്പിട്ട് വാങ്ങിയിരുന്ന ദരിദ്ര ഭൂതകാലത്തിന്റെ സെമോവറിലെ തിളപ്പാണ് ഈ കവിതയിലെ കാല്പ്പനിക ചാരുത. ഫാസ്റ്റു ഫുഡ്ഡിലെ എരിപിരി കൊള്ളുന്ന ഇന്നത്തെ നാട്ടുവഴികളിലെ അറേബ്യന്‍ ഹട്ടുകള്‍ക്ക് അവയുടെ തന്തൂരിപ്പെരുമകള്‍ക്ക് മുറുക്കിത്തുപ്പിയ ആ കാലത്തില്‍ നിന്ന് വല്ലതും പഠിക്കാനുണ്ടോ? നാട്ടുമാവിന്റെ ചൂരും ചുനയും ഈ കവിതയില്‍ ഏറെയുണ്ട്. മാട്ടുമ്മലെ വേലക്ക്, മൌലാന്റെ നേര്‍ച്ചയ്ക്ക് ബീരാന്റെ  ബീടരെ ഓപ്പറേഷന് കൌജത്തുവിന്റെ കല്ല്യാണത്തിന് അദ്രുമാന് വലയും വള്ളവും വാങ്ങാന്‍ ചങ്ങാതിക്കുറിയുടെ നന്മ നിറഞ്ഞ ഭൂതകാലം ഈ കവിതയിലെ സമോവറില്‍ കിടന്ന് തിളക്കുന്നു.

ദേശത്തെ എഴുതുന്ന എഴുത്തിന്റെ പ്രതിരോധ ഭാവങ്ങളില്‍ കാലമര്‍ത്തി ചവിട്ടിക്കൊണ്ടു തന്നെയാണ് ഷാജിയും കവിതയില്‍ തന്റെ ഇടം അന്വേഷിക്കുന്നത്. നമ്മുടെ പ്രാദേശിക ഭാവങ്ങളിലെ തനത് രുചികളിലും സംസ്കാരത്തിലും അജീനാമോട്ടോകള്‍ ഒളിച്ചുകടത്തി നമ്മുടെ തനത് രുചികളെ അട്ടിമറിച്ചപ്പോള്‍ തന്റെ കരതലാമലകത്തില്‍ ഷാജി എന്ന ഈ യുവ കവി സാന്ത്വനം കണ്ടെത്തുന്നു. ഒരു നെല്ലിക്കയില്‍ നീയും ഞാനുമുണ്ട്. വായിലൂറുന്ന രസപ്പകര്‍ച്ചയില്‍ നീ എനിക്കേതായിരിക്കും? ഞാന്‍ നിനക്കേതായിരിക്കും എന്നാണ് അന്യോന്യം ഊന്നുവടികളായി പ്രണയിനിയുടെ തോളില്‍ കയ്യിട്ട് ഈ കവിയും ചോദിക്കുന്നത് ഇതു തന്നെയാണ് ഈ കവിയുടെ ജീവിത വീക്ഷണവും. സാമൂഹി ബന്ധങ്ങളില്‍ വന്ന മാറ്റങ്ങള്‍ സ്വാര്‍തത്ഥയുടെ ജയിലറകളാക്കി നമ്മുടെ വീടുകളെയും ഇടങ്ങളെയും ഇടവഴികളെയും നാട്ടുമണങ്ങളെയും ഗ്രാമീണ മനുഷ്യരുടെ വീതിയും ഉയരവും കുറഞ്ഞ നാട്ട് എകരങ്ങളെ ഗ്രാമീണ ചിത്രങ്ങളായി ഏതോ ഒരു അവളെ ഉള്ളില്‍ ഉള്ളാലെ പ്രണയിച്ച് പുതുകവിതയുടെ ബഹുസ്വരതയാര്‍ന്ന സഞ്ചാരവീഥികള്‍ അലമാലകളുടെ അലര്‍ച്ചയും ബിംബ സമൃദ്ധികളുടെ ധൂര്‍ത്തുമില്ലാതെ മെലിഞ്ഞ വാക്കുകള്‍ കൊണ്ടും ലളിതമായ ആഖ്യാനം കൊണ്ടും നമ്മുടെ വറ്റിപ്പോയ നദികളുടെ ഉറവകള്‍ അന്വേഷിക്കുകയാണ് ഈ കവിയും. ചേര്‍ത്തു പിടിച്ച അകലങ്ങളുമായി അയാള്‍ കിനാവു കാണുകയാണ്.....
 

പൊട്ടി തെറിക്കുന്ന വെളിച്ചം (വിനീത് നായര്‍ )


  മനസ്സിലുറഞ്ഞു പോയ നാട്ടു സൌന്ദര്യത്തിന്റെ വ്യാകരണ ക്രമങ്ങളെ കവിതയിലുപയോഗിചച്ച് ജീവിതത്തിന്റെ തൊലിപ്പുറത്ത് സൂചി തലപ്പ്‌ കൊണ്ട് കുത്തി വേദനിപ്പിക്കുകയാണ്
ഷാജി അമ്പലത്തിന്റെ കവിതകള്‍ .തന്‍റെ ജീവിതത്തിന്റെ രണ്ടാംജന്മമായി കവിതയെ ചിത്രീകരിക്കുന്ന ഷാജിക്ക്,കവിത വെറുമൊരു ആവിഷ്ക്കാരോപാധിമാത്രമല്ല.ജീവിതത്തിന്റെ 
വിപരീത പ്രവാഹങ്ങളില്‍ പിടഞ്ഞുനീന്താനുള്ള ഒരു ശക്തി കൂടിയാണ് .
         സ്ഥിരകാഴ്ചകളുടെ വ്യത്യസ്തമായ കാവ്യാതമക രീതികള്‍ കൊണ്ട് കവി ഇവിടെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്നു  ജീവിതത്തോടുള്ള പ്രതികരണമാണ്  ഒരു കവിക്ക്‌  അയാളുടെ 
കവിത എങ്കില്‍ ഷാജിക്ക് അത് പ്രതികരണം മാത്രമല്ല അയാളുടെ വിശ്വാസങ്ങളും ,അവിശ്വാസങ്ങളും സന്ദേഹങ്ങള്മെല്ലാമാണ്.അനുഭവങ്ങളുടെ നാഡീപ്രവാഹത്തില്‍ നിന്നാണ് കവി ഇവിടെ 
വാക്കുകള്‍ തിരയുന്നത് .അതുകൊണ്ട് തന്നെ അയാള്‍ക്ക്‌ കവിത ഒരു സ്വാന്തനം കൂടിയായി മാറുകയാണ് .
          സംബന്ധങ്ങളെ അസംബന്ധങ്ങളായി ചിത്രീകരിച്ച്‌ കവിതയ്ക്ക് വേറിട്ടൊരു സൌന്ദര്യക്രമം നല്‍കാന്‍ കവി ഇവിടെ ശ്രമിക്കുന്നുണ്ട് .പ്രണയവും ,മഴയും ,കവിതയുമെല്ലാം ഈ രീതിയില്‍ 
പുതിയൊരു ശാസ്ത്രത്തില്‍ ഇവിടെ പുനര്‍നിര്മിക്കപെടുന്നു.ഇങ്ങനെ പുതിയ രീതികളിലൂടെ ഉരുട്ടി കൊണ്ട് വരുന്ന വരികളെ ,വാക്കുകളെ ,ആശയങ്ങളെ പ്രമേയങ്ങളെ പൊടുന്നനെ വായനക്കാരില്‍ 
നിന്ന് വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന ,സര്ഗാതമാകത തുറന്ന ഇടങ്ങളെ മുറിവേല്‍പ്പിക്കുന്ന വര്‍ത്തമാനകാല ജീവിതാവസ്തകളില്‍ നിന്ന് പിറന്നുവീണ നാല്‍പ്പത്തിയഞ്ച് കവിതകളുടെ ഒരു സമാഹാരമാണ് 'ചേര്‍ത്തു പിടിച്ച അകലങ്ങള്‍ ' എന്ന ഈ പുസ്തകം 
     'ഒരു നെല്ലിക്കയില്‍ 
     നീയും ഞാനുമുണ്ട്       
     വായിലൂറുന്ന
     രസ പകര്ച്ചയില്‍ 
     നീ 
    എനിക്കേതായിരിക്കും
     ഞാന്‍ 
    നിനക്കേതായിരിക്കും'

              ഓര്‍മകളുടെ വേദനിപ്പിക്കുന്ന ചിരി കൊണ്ടാണ് ഷാജി ഇവിടെ കവിതയെ നേരിടുന്നത് ഇരുട്ടില്‍ പിഴിഞ്ഞെടുത്ത അയാളുടെ ഏകാന്തതയുടെ വാക്കുകള്‍ ഒരു കാലഘട്ടത്തെയാണ്‌ 
പ്രതിഫലിപ്പിക്കുന്നത് .കടന്നു പോയതോ ,പോയികൊണ്ടിരിക്കുന്നതോ ഇവിടെ പ്രസക്തമാവുന്നില്ല. ഓര്‍മകളേക്കാള്‍ ഓര്‍മ്മകള്‍ വേട്ടയാടുന്നവന്റെ മുറിവുകളിലെ വ്രണമായാണ് ഈ 
കവിതകള്‍ ഒരു പക്ഷെ വായനക്കാര്‍ക്ക് അനുഭവപ്പെടുക .
      
              " നഷ്ട്ടത്തിന്റെ ചെവിയോര്‍ക്കലുകളാണ് കവിതകളാകാന്‍ ശ്രമിക്കുന്നത് " എന്ന പി .എന്‍ .ഗോപീ കൃഷ്ണന്റെ വാക്കുകളെ ഞാനോര്‍ക്കുന്നു കവിയില്‍ നിന്ന് കാണാതായ 
വാക്കുകളെ ,ഓര്‍മകളെ ,കഥാപാത്രങ്ങളെ ,മൌനങ്ങളെ എല്ലാം ഇപ്പോള്‍ ഷാജി കേട്ടെഴുതുകയാണ്.കണ്ട് മറന്ന നാട്ടുശീലുകള്‍,പാടികേട്ട പഴങ്കഥകള്‍,കളിച്ചു വളര്‍ന്ന മാവിന്‍ ചോടുകള്‍ 
ഇവയെല്ലാം കവിയെ നിരന്തരം വേട്ടയാടികൊണ്ടിരിക്കുന്നു.
     
                ഭാഷയെ ഹൃദയമിടിപ്പുപോലെ  ഗാഡമായി പ്രണയിക്കുന്നവനാവണം   കവി .എഴുത്തിന്‍റെ മൂല്യം അതിന്റെ ധീരതയാണ് .ഇതെല്ലാം ഓര്‍ത്തുകൊണ്ട്‌ ഭാഷയെ പുതിക്കി പണിയാന്‍ 
കവി ഇവിടെ ശ്രമിക്കുന്നു .ആ ശ്രമങ്ങള്‍ തന്നെയാണ് ഈ പുസ്തകത്തിലെ കവിതകള്‍ക്കുള്ള ഇന്ധനം .മോഷ്ട്ടിക്കപ്പെടുന്നവന്റെയും, വില്‍ക്കപെടുന്നവന്റെയും ഈ കാലത്ത് ,മറക്കപെട്ട 
വ്യാകുലതകളും ,ശാട്യങ്ങളും വെച്ച് വായനക്കാരോട് വിലപേശുകയാണ് കവി ഇവിടെ .
          
             ഈ സമാഹാരത്തിലെ പല കവിതകളിലും ചെറുതിന്റെ ലാവണ്യം ദര്‍ശിക്കാനാവും എങ്കില്‍ കൂടി അവക്കൊയ്ക്കെ രാകി മിനുക്കിയ വീശാം കത്തിയുടെ മൂര്‍ച്ച കൂടി അനുഭവിപ്പിക്കാന്‍ 
കഴിയും എന്ന വസ്തുത നമ്മെ പലവിധത്തിലുള്ള ആശയ സംഘര്‍ഷങ്ങളിലേക്കും ,ആത്മനൊമ്പരങ്ങളിലേക്കും കൈ പിടിച്ചു കൊണ്ട് പോകുന്നു .
            കാവ്യ ജീവിതത്തിന്റെ ആരംഭഘട്ടത്തില്‍ തന്നെ ,ഷാജിയുടെ ഭാവുകത്വം പ്രകൃതിഭംഗിയുടെ സല്ലാപങ്ങളില്‍ നിന്ന് പറിച്ചു മാറ്റപ്പെട്ടതായിതോന്നാം ജീവിതത്തിന്റെ സൂക്ഷ്മസ്ഥലികളിലേക്ക് 
എത്തിനോക്കുന്നവയാണ് ഇതിലെ കവിതകള്‍ എങ്കിലും ഭൂതകാലത്തെ ചിത്രീകരിക്കുമ്പോള്‍ ഭൂപ്രകൃതിയെ മറന്നത് ഒരു കുറവുപോലെ അനുഭവപ്പെടുന്നുണ്ട് .ഒരു പക്ഷെ പ്രകൃതിയില്‍ അതീനസത്യം
കാണുന്നത് വ്യര്‍ത്ഥമാണെന്ന് അറിഞ്ഞുകൊണ്ടാവാം കവി ഇങ്ങനെ ചെയ്തത് .സമൂഹത്തിന്റെ വികലവിശ്വാസങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധത്തിന്റെ ഒരു ചിറ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ 
കാറ്റിന്റെ തലോടലും ,കളകളാരവവും കവിയെ ഒട്ടും തന്നെ സ്വാധീനിചിട്ടില്ലായിരിക്കാം .അതുകൊണ്ട് തന്നെയാണ് തറവാട്ടുമുറ്റവും,അപ്പുമേസ്തിരിയും,കാദര്‍സാഹിബുമെല്ലാം കവിതയിലേക്ക് 
കടന്നുവരുമ്പോള്‍ ഓരോ സിദ്ധാന്ധങ്ങളുടെ പിന്തുണ പറ്റുന്നതും 

       " സ്വന്തമായി 
         ജീവിതമില്ലാതത്കൊണ്ടാണ്
         ഞാന്‍ 
         നിങ്ങളിലൂടെ ജീവിച്ചുതീരുന്നത്"

         പരോക്ഷമായി സൂക്ഷ്മരാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നുണ്ട് ഷാജിയുടെ കവിതകള്‍ . അതിന്‌ ഉദാഹരണമാണ് "ഗുഡ് ഫ്രൈഡേ "   ഇവയില്‍ ശ്രദ്ധിക്കപ്പെടെണ്ട ഒന്നാണ് ."അപ്പനും മക്കളും "
വീടും നാടുമെല്ലാം ഇരുട്ടിലും കണ്ണീരിലും നിര്‍വചിക്കപെടുമ്പോള്‍ ഷാജിയുടെ കവിതകള്‍ തീക്ഷണ വാങ്ങ്മയങ്ങളാല്‍ സമൃധമാവുകയാണ് .

               ഹൃദയത്തിന്റെ താക്കോല്‍ പഴുതിലൂടെ പറന്നുപോയവളെതേടിയും ,ഒളിഞ്ഞുനിന്ന പ്രണയത്തില്‍ പടവെട്ടിയും പ്രണയമെന്ന വാക്കിന്‍ കൊത്തുപണി  നടത്തുന്ന കവി ,വാക്കുകള്‍ കറങ്ങികൊണ്ടിരിക്കുന്നത് ഭ്രമണ നിയമത്തിലാണെന്നും  അതുകൊണ്ടാണ് വാക്കുകള്‍ അഴുകിപോകാത്തതും നമ്മള്‍ ചീഞ്ഞു നാറുന്നതും എന്ന് സമര്‍ഥിക്കുന്നു.ഈ പ്രണയ കവിതകളിലെല്ലാം 
ആസക്തികളെക്കാളേറെ വേര്‍പാടുകളും ഉന്മാദങ്ങളുമാണ് നിറയുന്നത് .

              "കവി കുടുംബത്തിന്റെ 
               വിശപ്പുമാറ്റാന്‍ 
               അറിഞ്ഞുകൊണ്ടൂര്‍ന്നുവീഴുന്ന
               സാരിത്തലപ്പുകൊണ്ട് 
               റേഷന്‍ വാങ്ങിയെടുക്കുന്ന
               ഈ രാധാമണിയുടെ
               മുഖമുണ്ടോ " എന്നും 


             " വാക്കുകളുടെ വാതിലടച്ച്‌
                എന്നോട് ചേര്‍ന്ന്
                കവിതക്കുള്ളില്‍ 
                തീ കാഞ്ഞിരിക്കുമ്പോള്‍ മാത്രം 
                ഭയപ്പെടാറില്ലവള്‍ ആരെയും " എന്നും കവി പറയുമ്പോള്‍ ഭാഷയില്‍ ആരും കാണാതെ അമര്‍ന്നു മുഴങ്ങുന്ന ഒരു അധോലോകമുന്ടെന്നു നാം അറിയുന്നു .രാധാമണി ,തീരം ,ഉമ്മ ,മഴ ,
ഇടവഴികള്‍ എന്നീ കവിതകളും മേല്‍ പറഞ്ഞതിനോട് ചേര്‍ത്തുവെയ്ക്കാം.

              കവിത എന്നും ഷാജിയ്ക്ക് തിമിര്‍ത്തു പെയ്യുന്ന ഒരു മഴയാണ് ഇടവഴിയില്‍ ഒറ്റയ്ക്ക് കരയുമ്പോഴെല്ലാം ഓടിയെത്തി കണ്ണീര്‍ പകുത്തെടുത്ത മഴ .ഇടവഴികളില്‍ എല്ലാ മഴയെത്തും അയാള്‍ 
നനഞ്ഞൊലിച്ചു നടന്നു .അതിന്റെ ജലച്ചായചിത്രങ്ങളാണ് ഈ പുസ്തകത്തിലെ പല കവിതകളും . ഇവയിലെല്ലാം തന്നെ 'അവള്‍ ' എന്ന ഒരു കേന്ദ്രീയ കഥാപാത്രം കടന്നു വരുന്നുണ്ട് .ഓര്‍മകളുടെ 
ഭാണ്ടക്കെട്ടുകളിലും ,ചില്ലിട്ടു വച്ച  ചിത്രങ്ങളിലും അവള്‍ തന്നെയാണ് കവിക്ക്‌ എല്ലാമാവുന്നത് .അവളിലൂടെ ഈ ലോകത്തെ നേടാന്‍ കവിയുടെ ഉള്ളം വെമ്പുന്നുണ്ട് .

              " ഏറെ കേട്ടിട്ടും മനസ്സിലാവാതെ 
                 മഴയുടെ വര്‍ത്തമാനം 
                 വിവര്‍ത്തനം ചെയ്യാന്‍ 
                 ശ്രമിച്ചു ശ്രമിച്ചു
                 അവള്‍ 
                 പരാജയപെടുന്നുണ്ടാവുമോ "

                 അപഹരിക്കപെട്ട അനുഭവത്തിന്റെ പച്ചതുരുത്തുകളെയും, തരിശുനിലങ്ങളെയും തിരിച്ചു പിടിക്കുവാനും അതിലൂടെ തന്ടെതായ പ്രത്യയശാസ്ത്രങ്ങളെ നിര്‍വചിക്കുവാനും 
കവി ശ്രമിക്കുന്നുണ്ട് .തന്‍റെ ദേശത്തെ പോലെ മറ്റെവിടെയോ ഇതുപോലത്തെ ഒരു ദേശമുണ്ടാവില്ലേ എന്നും അവിടെയും ഇത് പോലെ ഒരു പെണ്‍കുട്ടി മഴ കാണുന്നുണ്ടാവില്ലേ എന്നും കവി 
ചോദിക്കുന്നത് തന്റേതായ പ്രത്യയശാസ്ത്രങ്ങളെ മാത്രം അധികരിച്ച് കൊണ്ട് തന്നെയാണ് .

                 പുതുകവിതയുടെ നവശിഖരങ്ങളില്‍ വിളഞ്ഞ ഈ സമാഹാരത്തിലെ നാല്‍പ്പതിയഞ്ചു കവിതകളിലും തെളിയുന്നത് വര്‍ത്തമാനകാല ജീവിതത്തിന്റെ സങ്കീര്‍ണമായ നിഴല്‍ 
രൂപങ്ങളാണ് .ആ നിഴല്‍ രൂപങ്ങള്‍ വായനക്കാരന്‍റെ മനസ്സിലെത്തി മഴ നനയുകയാണ്‌ .അങ്ങനെ ഉതിര്‍ന്നു വീഴുന്ന ആ മഴയ്ക്ക് ഒരു കുട വാങ്ങി കൊടുക്കുകയാണ്  കവി , മഴയ്ക്ക്‌ 
ഒട്ടും തന്നെ വെയില് കൊള്ളാതിരിക്കാന്‍ ...!


                                                                               വിനീത് നായര്‍ 
                                                                                9846 70 89 05
                                                                                 0466-2371802                

ഭൂപടത്തില്‍ നിന്നും കുത്തിയൊലിക്കുന്നത്
ഓര്‍മകള്‍ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ ജീവിതം തലകുത്തി നടക്കുന്ന ചില അവിശുദ്ധ നിമിഷങ്ങളുണ്ട് .ആ നിമിഷങ്ങളിലാവണം നല്ല കവിതകളുടെ പിറവി .അങ്ങനെ പിറന്ന "ചേര്‍ത്തു പിടിച്ച അകലങ്ങലാണ് "എനിക്ക് മുന്നില്‍ .ഷാജി അമ്പലത്ത് എന്ന യുവ കവി എന്‍റെ പ്രിയങ്ങളുടെ അമരക്കാരനാവുകയാണ് .
പ്രിയ ഷാജി 
ദൈവം ശരിക്കും അനാഥനാണ്.കല്പ്പാന്ധം വരെയും കണ്ണനും രാധയും പ്രണയത്തിന്‍റെ സിംബല്‍ തന്നെ ആയിരിക്കും .വൈപ്പരില്ലാത്ത വാഹനങ്ങള്‍ സ്വപ്നങ്ങള്‍ക്കു മീതെ നിര്‍ത്താതെ ഓടിച്ചു പൊയ്ക്കൊണ്ടിരിക്കും. ഇതാ ഞാനും ഭൂപടത്തില്‍ നിന്നും കുത്തിയൊലിച്ചു പോകുന്നു .,ആഴങ്ങളില്‍ 
ചിരാതിന്റെ മഞ്ഞവെളിച്ചം തെളിയുന്നു .വിപരീതങ്ങളുടെ തണല് പൂക്കുന്നു .വാക്കുകള്‍ക്കുള്ളില്‍ മഴപെയ്യുന്നു .നക്ഷത്രങ്ങള്‍ നിശാനിയമം ലങ്ഗിക്കുന്നു. 
തീര്‍ച്ചയായിട്ടും ഒരു വാക്കിന്‍റെ വളവില്‍ വെച്ചുനാം കണ്ട് മുട്ടും ,വെയില് കൊള്ളാതിരിക്കാന്‍ മഴയ്ക്ക്‌ വൈകാതെ പുള്ളികുട വാങ്ങികൊടുക്കും .
അതെ ചുടുനിശ്വാസങ്ങളുടെ എല്ലാ തൊടികളിലും  നന്മയുണ്ടാവും ,ഉമ്മകള്‍ കൊണ്ട് നമുക്ക് പുതപ്പ് തുന്നണം.മറന്നു വെച്ചുപോയ പൈതൃകം മറവിയുടെ മൂന്നാംകണ്ണില്‍ നിന്നും നമുക്ക് തിരിച്ചെടുക്കണം . 
പ്രിയ സ്നേഹിതാ ..
നിന്‍റെ കവിതകള്‍ക്ക് കുറിപ്പെഴുതാന്‍ ഞാന്‍ നിന്‍റെ വരികളെ തന്നെയാണ് കൂട്ടുപിടിച്ചത് . 
എന്നോട് ക്ഷമിക്കുക .
എനിയ്ക്ക് നിന്നോട് ഇത്തിരി അസൂയ തോന്നുന്നു .നിന്‍റെ കവിതകള്‍ക്ക് താഴെ ഞാന്‍ 
ഹൃദയം ചേര്‍ത്തു വെക്കുന്നു .

                                                         ആദരവോടെ 
                                                       പവിത്രന്‍ തീക്കുനി 
                                                        വടകര 
                                                        15.11.2010

Wednesday, 12 October 2011

.