Thursday, 29 April 2010

ഉമ്മ


ഉമ്മ
അരഞ്ഞരഞ്ഞു
തീരുന്നതുകൊണ്ടാണ്
ചമ്മന്തിക്കും
സ്വാദില്ലാത്തതെന്നറിയാം

അരിവെപ്പുകാരി
ആമിനുമ്മയുടെ
പെണ്‍മക്കള്‍ക്കും
ഉച്ചകഞ്ഞി
അനുവദിക്കാന്‍
പുതിയ
നിയമം വന്നിട്ടുണ്ട്
തൊട്ടടുത്ത
ഗവണ്‍മെന്‍റ് യു .പി.സ്കൂളില്‍ .

അംഗീകാരമില്ലാത്ത തൊഴിലിനും
തൊഴിലുറപ്പ് നല്‍കാമെന്ന്
കണ്ണുകൊണ്ട് പറയന്നുണ്ട്
വാര്‍ഡ്മെമ്പര്‍.

നാടുനീളെ
പെണ്ണ് കെട്ടിയ വാപ്പയുടെ
ഓര്‍മയിലില്ലാത്ത
എന്റുമ്മ
ആശുപത്രി വരാന്തയില്‍
പടച്ചോനെ
പ്രാകുന്നത് കേള്‍ക്കുന്നുണ്ട്
''24 മണിക്കൂറെങ്കിലും കഴിയണം
എന്തെങ്കിലും പറയാന്‍
ഡാക്കിട്ടര്‍മാര് പറയണത്
ഇങ്ങളും കേട്ടതല്ലേ
മനുസമ്മാര്‍ക്ക് തോന്നണ ദയ
ഇങ്ങക്ക് തോന്നാണ്ടിരിക്കോ
ഒന്നുല്ലേലും
ഇങ്ങള് ബല്ല്യ പടച്ചോനല്ലേ..
ന്‍റെ പെമ്മക്കളുടെ
നിക്കാഹിന് കൈകൊടുക്കാന്‍
പേരിനൊരു വാപ്പവേണ്ടേ ...''

2 comments: