Monday, 2 August 2010

വാക്ക്


മഴയെന്ന്
കേള്‍ക്കുമ്പോഴേ
നമുക്ക്
തണുക്കുന്നത്
വാക്കിനകത്ത്
മഴപെയ്യുന്നത് കൊണ്ടാണ്.

പ്രണയമെന്ന വാക്കിന്‍റെ
കൊത്തുപണിയോളം
വരില്ല
ഒരു പ്രണയവും.

മരണമെന്ന വാക്കിലെ
ഇരുട്ടാണ്‌
മരണത്തെ ഉറപ്പിക്കുന്നത്.

ജീവിതമെന്ന വാക്കിന്‍റെ
പുകകുഴലുകള്‍
കരിപിടിച്ച്
അടഞ്ഞുപോയതുകൊണ്ടാണ്
നമുക്ക്
ശ്വാസം മുട്ടുന്നത്.

ഭ്രമണനിയമത്തില്‍
കറങ്ങി കൊണ്ടിരിക്കുന്നത്
വാക്കുകള്‍ മാത്രമാണ്.

അതുകൊണ്ടാണ്
വാക്കുകള്‍
അഴുകിപോകാത്തതും
നമ്മള്‍ മാത്രം
ചീഞ്ഞുനാറുന്നതും.

No comments:

Post a Comment