Tuesday, 24 August 2010
മീസാന്‍കല്ലുകള്‍
കണ്ണീരുണര്‍ത്തിയ
ഇത്തിരിയുമ്മകള്‍
മൂര്‍ദ്ദാവില്‍ ഇറക്കിക്കിടത്തി
ഞാന്‍ പറഞ്ഞു
"ഉമ്മ
കൊടുത്തയച്ചതാണൊക്കെയും."
സ്കൂള്‍ ബസ്സ് വന്നിട്ടും
ചോറ്റുപാത്രം
തുറന്നടച്ചുറപ്പു
വരുത്തുന്നത് ..
ചെരുപ്പില്‍ വീണ
മഴത്തുള്ളികളെ
മറ്റാരും കാണാതെ
സാരിത്തലപ്പുകൊണ്ട്
തുടച്ചുമാറ്റുന്നത് ..
രണ്ടായി പിന്നിയിട്ട
മുടിയിഴകളില്‍
വീണ്ടും വീണ്ടും
തിരുപ്പിടിക്കുന്നത് ..
ആ ഉമ്മയാണോ
കൊണ്ടുവരാതെ
ഒക്കെയും
കൊടുത്തയച്ചതെന്ന്
കരുതുന്നുണ്ടാവും
മകള്‍ .
കാണാതെ പഠിച്ച
ഖുറാന്‍സൂക്തങ്ങള്‍ക്കും
പ്രാര്‍ത്ഥനകള്‍ക്കും
പകരം
കൂടെ കരുതിയത്
നേഴ്സറിപ്പാട്ടുകളും
ചിത്രകഥകളുമായിരുന്നു.
പിണങ്ങി
തിരിഞ്ഞുകിടന്ന മകളെ
മൈലാഞ്ചിപ്പടര്‍പ്പുകളെ
പറഞ്ഞേല്‍പ്പിച്ച്
തിരികെപ്പോരുമ്പോള്‍
ഉമ്മാ ..
എന്നൊരു വിളി
ഞാന്‍ കേട്ടിരുന്നു .
മതിലിനപ്പുറം
മറഞ്ഞുനിന്ന്
അവളുടെ ഉമ്മയും
അത് കേട്ടിട്ടുണ്ടാവണം.
** സ്ത്രീകള്‍ക്ക് പുണ്യാത്മാകളുടെ ഖബര്‍ സന്ദര്‍ശനം അനുവദിക്കുമ്പോള്‍ തന്നെ സ്വന്തം മകളുടെയോ ,മറ്റു ബന്ധുക്കളുടെയോ ഖബര്‍ സന്ദര്‍ശനം ചില മുസ്ലീം സമ്പ്രദായങ്ങള്‍ അനുവദിക്കാറില്ല
Subscribe to:
Post Comments (Atom)
No comments:
Post a Comment