Tuesday, 23 November 2010

സമാനതകളുടെ ദൂരത്ത്












അവിടെയുമുണ്ടാവില്ലേ 
ഇതുപോലെയൊരു ദേശം..? 

തെക്കിനിയിലിരുന്ന്‌
മഴ കാണുന്ന പെണ്‍കുട്ടിയുണ്ടാവില്ലേ ..

ഓര്‍മയില്‍പ്പോലുമില്ലാത്ത ഒരുവന്‍
കൊടുത്തുവിട്ട സന്ദേശമാണ് 
മഴ 
ഉറക്കെ വെളിപ്പെടുത്തുന്നതെന്ന്‍
മനസ്സിലാകുന്നുണ്ടാവുമോ അവള്‍ക്ക്..

മുന്‍പ് കണ്ടിട്ടേയില്ലാത്ത കരയിലേക്ക് 
ഇരുന്നേടത്തിരുന്ന് 
കുന്നുകയറിപ്പോരുന്നുണ്ടാവുമോ അവള്‍ 
അല്ലങ്കില്‍ ,
പെയ്തൊഴിയുമ്പോള്‍ 
കാഴ്ചകള്‍ തമ്മിലുടക്കുമെന്ന് 
എന്നെപ്പോലെ വിചാരപ്പെടുന്നുണ്ടാവുമോ ..

മഴയെ,
മുറ്റത്ത് 
ഒറ്റയ്ക്കിരുട്ടത്തുനിര്‍ത്തി 
ഇപ്പോള്‍  വരാമെന്നും പറഞ്ഞ്‌
എനിക്ക് മുന്‍പേ 
ഉറങ്ങാന്‍ പോയിട്ടുണ്ടാവുമോ..

ഏറെക്കേട്ടിട്ടും മനസ്സിലാവാതെ,
മഴയുടെ വര്‍ത്തമാനം 
വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചുശ്രമിച്ച് 
അവള്‍
പരാജയപ്പെടുന്നുണ്ടാവുമോ ?

1 comment:

  1. എത് ഭാഷയിൽ മഴ അവളെ വിവർത്തനം ചെയ്യും?

    ReplyDelete