പുലര്‍ച്ചെയുള്ള വണ്ടിയും നോക്കി
ഓട്ടോ ഉരുട്ടിയുരുട്ടി
ഓട്ടം കാത്തുകിടക്കും
ഞങ്ങള്‍
അച്ഛന്റെ
കൈപ്പിടിച്ചിറങ്ങിയവള്‍
പി .എസ്.സി .എഴുതാന്‍
ദൂരെ നിന്നാവണം
പിന്നിലിറങ്ങിയ
കന്യാസ്ത്രീകളെ കണ്ട്
ഡ്രൈവര്‍ സത്യന്‍
ഉറക്കെ പറഞ്ഞു
"ഒരിക്കലൊളിച്ചോടി പോകും
ഒരു കന്യ്യാസ്ത്രീയെയും കൊണ്ട് ഞാന്‍ "
പെറുക്കി കിട്ടുന്ന
മുറി ബീഡി വലിച്ച്
ഈ വയസ്സന്‍ ആരെയാവും
നിത്യവുംകാത്തു നില്‍ക്കുന്നത് .
ജില്ലാ കമ്മിറ്റി കഴിയാന്‍
ഏറെ വൈകിയെന്നാമുഖം പറഞ്ഞ്
സഖാവ് കുഞ്ഞികണ്ണേട്ടന്‍
വണ്ടിയില്‍ കയറും
ഒന്നൊന്നായി
നീങ്ങി തുടങ്ങും
അമ്മാവു അമ്മാളുടെ
പൂക്കൂടയ്ക്ക് ചാരെ
ഒരു മുഴം
മുല്ലപ്പൂവിന് തര്‍ക്കിച്ച്
പതിവ് യാത്രക്കാരിയെ കാത്തു നില്‍ക്കും
മുടിക്കെട്ടഴിച്ചുകെട്ടി ,
ഉലഞ്ഞ സാരിയൊന്നടുപ്പിച്ച്
പുതിയ പൊട്ട് കുത്തി
മീനുമോള്‍ക്ക് വാങ്ങിയ
ചുവന്ന റിബ്ബണ്‍ ,
കളിക്കുടുക്ക
ഒക്കെയും ഉറപ്പു വരുത്തി
ഇരിപ്പുറപ്പിക്കുന്നവളെയും കൊണ്ട്
വണ്ടിയും
ഞാനും നീങ്ങി തുടങ്ങും
ഒരിക്കല്‍
കാര്യമായി തന്നെയാണ് ചോദിച്ചത്
നാളെ
നിന്നെയും കൊണ്ട്
എന്റെ ജീവിതത്തിലേക്ക്
ഓട്ടമെടുക്കട്ടെ .
ഉറക്കച്ചടവുള്ള
ചില്ലറ
എണ്ണിയെണ്ണിതരുമ്പോള്‍
വ്യക്തമായും കേട്ടു
ചത്തുപോയ കെട്ടിയവന്‍
ഇടിച്ചിടിച്ച്
പഴുപ്പിച്ചാണ്
ഈ പണിയെടുപ്പിച്ചത്
പേടിപ്പിക്കല്ലേ സാറേ ..
ജീവിതം കാണിച്ച്
പേടിപ്പിക്കല്ലേ സാറേ ..
No comments:
Post a Comment