Friday, 15 July 2011

കണ്ണെഴുതാത്ത കവിതകള്‍



















പുഴ 

പുഴയിലേക്ക് 
ഏറെ നേരം നോക്കി നില്‍ക്കരുത് 
ഓളപ്പരപ്പുകള്‍
അഴിച്ചലിയിച്ച്
ഒഴുക്കി കൊണ്ടുപോകും 
മുഖങ്ങളൊന്നൊന്നായി

കണ്ണാടി 

കാണാ മറയത്തിരുന്ന്
ഒരു പെണ്‍കുട്ടി 
പ്രണയം 
അഭ്യര്‍ഥിക്കുന്നു
ഈ പാവം 
വയ്യസ്സന്‍ കവിയോട് 

കണ്ണാടിയില്‍ നിന്ന് 
തിരഞ്ഞെടുത്ത് 
അയച്ചു കൊടുക്കണം  
എന്‍റെ 
പതിനെട്ടാം വയസ്സിലെ 
മുഖചിത്രം 

കണ്ണീര്‍ 

എപ്പോഴും പറയും
ഞാനവളോട് 
നാളേയ്ക്ക്
കരുതിവെക്കണമെന്ന്
 
അന്നൊന്നും 
കേള്‍ക്കാത്തത് കൊണ്ടല്ലേ 

ഞാന്‍ 
വെള്ളപുതച്ചുറങ്ങുമ്പോള്‍
ചാരത്തിരുന്ന്‌
ഇത്രയുമുച്ചത്തില്‍ 
പൊട്ടിച്ചിരിക്കേണ്ടി വന്നത് .

ഫുള്‍ സ്റ്റോപ്പ്‌ 

ഏതോ 
ഒരു പെണ്‍കുട്ടി 
എഴുതി കഴിഞ്ഞ് 
ഫുള്‍ സ്റ്റോപ്പിടാത്തത് കൊണ്ടാണ് 
വാക്യങ്ങള്‍ നീണ്ടു നീണ്ടു വന്ന് 
ചുറ്റി വരിഞ്ഞ് 
അവനെ ശ്വാസം മുട്ടിച്ച്
കൊന്നത് .

No comments:

Post a Comment