ആരുടെയോ
ഭാര്യയുടെ സ്വപ്നം
രണ്ടു കൈകുഞ്ഞുങ്ങളെ പിടിച്ച്
എന്റെ
ഉറക്കത്തെ മുട്ടി വിളിക്കുന്നു
എവിടെ നിന്നാണെന്ന്
എന്തിനാണെന്ന്
എങ്ങോട്ടാണെന്ന്
സ്വപ്നങ്ങളില്‍
ചോദ്യങ്ങള്‍ക്ക്
നിയമമില്ലല്ലോ
കരുതി വെച്ചപോലെ
ഞാന്‍
കുട്ടികള്‍ക്ക്
മിട്ടായി തുണ്ട് നീട്ടുന്നു
എഴുതി തീരുമ്പോഴേക്കും
കത്തുകള്‍ക്ക്
തീപിടിക്കുന്നെന്ന്
അവള്‍ പരിഭവം പറയുന്നു
ഞങ്ങള്‍
കടല്‍ കാണുന്നു
കുട്ടികള്‍ തിരയെ തൊട്ട്
തിരികെ പോരുന്നു
കവിത ചൊല്ലി
മകള്‍ക്ക് സമ്മാനം കിട്ടിയെന്ന്.
ബാങ്കിന്റെ വാറോലകള്‍
ഇടയ്ക്കിടെ വന്ന്
തെറി വിളിക്കുന്നെന്ന്
അവള്‍
പെയ്തൊഴിയുമ്പോള്‍
ഞാന്‍ ഉറക്കമുണരുന്നു
എന്റെ ഭാര്യ
ഇപ്പോഴും അടുക്കളയില്‍ തന്നെ
ആരുടെയോ ഭാര്യ
ഇപ്പോള്‍
ഉണര്‍ന്നിട്ടുണ്ടാവുമോ
കരയിലിരുന്ന
സ്വപ്നങ്ങളെ
കടലെടുത്തിട്ടുണ്ടാവുമോ ?
No comments:
Post a Comment