Tuesday, 6 September 2011

സ്വകാര്യതയോടെ ഒരു കുത്ത് വാക്ക്


രണ്ടില്‍ 
നിര്‍ത്താമായിരുന്നെന്ന്
പലരും പറഞ്ഞു
അവള്‍ 
മൂന്നാമതും 
പെണ്ണിനെ പെറ്റപ്പോള്‍

ആണോ ,
പെണ്ണോ 
തീരുമാനം 
പടപ്പിന്റെയല്ല
പടച്ചോന്റെയെന്ന് 

ചുരുട്ടി നീട്ടിയ
നോട്ടുകെട്ടുകള്‍ 
വാങ്ങാതിരുന്നത് കൊണ്ടാണ് 
വില്ലേജിലെ ഗുമസ്തപണി
പുറമ്പോക്കിലേക്ക് മാറിയത് .

ആധാരം 
അടിയറവ് പറഞ്ഞ്
പൊന്നും പണവും 
കൂട്ടിവെക്കുമ്പോഴേക്കും 
കെട്ടിക്കാത്തപെങ്ങളുടെ 
പേറെടുക്കേണ്ടിവന്നു .

കതകടച്ച്
കഷ്ട്ടപെട്ടാണ് 
ഞരമ്പിലെ 
കെട്ടികിടന്ന ചോര 
ഒറ്റ ബ്ലേഡ് കൊണ്ടൊഴുക്കി വിട്ടത്  

നിസ്ക്കാര പായിലിരുന്ന് 
313 ബദരീങ്ങള്‍ക്കും
നേര്‍ച്ച  വെച്ചാണ് 
ഉമ്മ 
എന്‍റെ ജീവന്‍ 
തിരിച്ചുപിടിച്ചത് 

പടച്ചോനെ 
പ്രായപ്പൂര്‍ത്തിയായ 
ചെറുപ്പക്കാരനല്ലേ  ഞാന്‍ 
എനിക്കും വേണ്ടേ 
ചില സ്വാതന്ത്രങ്ങളൊക്കെ 

ഇങ്ങളെന്തിനാണ് 
എന്‍റെ കാര്യങ്ങളില്‍ കയറി 
എപ്പോഴും 
ഇടപെട്ടുകൊണ്ടേയിരിക്കുന്നത് .

1 comment:

  1. നന്നായി ..ധാരാളം എഴുതൂ

    ReplyDelete